ഒരു ജോഡി ചെരുപ്പും അഞ്ചു ജോഡി ഷൂസും


 

ഒരു ജോഡി ചെരുപ്പും അഞ്ചു ജോഡി ഷൂസും

ചെറുകഥ : എഴുതിയത് : പ്രേംരാജ് കെ . കെ

-----------------------------------

 

അമ്പലത്തിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ഭാര്യ പറഞ്ഞു

"ചെരുപ്പ് എടുക്കാൻ മറക്കേണ്ട കേട്ടോ.."

, പിന്നെ ഞാൻ ആണല്ലോ ഇപ്പോഴും ചെരുപ്പ് എടുക്കാൻ മറക്കുന്നത്.. കുറച്ചു ദിവസം മുമ്പ് ഇവളാണ് ഒരു വീട്ടിൽ വിരുന്നിനു പോയി ചെരുപ്പേ എടുക്കാൻ മറന്നത്.. ഒരു നല്ല അനുസരണ ഉള്ളത് നല്ല ദാമ്പത്യ ജീവിതത്തിന് നല്ലതാണു എന്ന് കരുതി ഒന്നും മിണ്ടിയില്ല.

കയ്യിൽ ഇരിക്കുന്ന കുഞ്ഞിന് ചെരുപ്പ് ഇല്ലതാനും

 

ചെരുപ്പ് സൂക്ഷിക്കുന്നിടത്തു ആരും ഇരിക്കാറില്ല... റാക്കുകൾ മിക്കതും ഒഴിഞ്ഞു കിടക്കാരാണ് പതിവ്.

ഇന്നും അങ്ങിനെ തന്നെ. ആരും ഇല്ല.

എൻ്റെ ചെരുപ്പ് വെച്ചിരുന്നത് ഏറ്റവും താഴത്തെ മൂന്നാമത്തെ കള്ളിയിലാണ്.. നമ്പർ 3 , നാലിൽ ഭാര്യയും .

ഇതെന്തു കളിപ്പീരാണ് ഇന്ന്. എൻ്റെ ചെരുപ്പ് കാണാനില്ല. ഭാര്യ എൻ്റെ മുഖത്തു നോക്കി എന്ത് പറ്റി എന്ന ചോദ്യവും ആയി എന്നെ നോക്കി.

"ദേ , ഇവിടൊരു പേപ്പർ തുണ്ട് " , ജയശ്രീ , എൻ്റെ ഭാര്യ എനിക്ക് തുണ്ട് കടലാസ് തന്നു.

അതിൽ എങ്ങനെ എഴുതിയിരിക്കുന്നു,  വടിവില്ലാത്ത കൈപ്പടയിൽ. "ചെരുപ്പ് ഞാൻ എടുക്കുന്നു" പിന്നെ ഒരു മൊബൈൽ നമ്പറും..

ഇത് ആരെടാ എങ്ങനെ ചെയ്തത് !!! എനിക്ക് അത്ഭുതമായി.

ഭാര്യ ചിരിച്ചുകൊണ്ട് പറഞ്ഞു.. "ആഹാ, ഇപ്പോൾ നിങ്ങടെ ചെരുപ്പും പോയി"..

ഞാൻ ചിരിക്കണോ അല്ല ദേഷ്യപ്പെടണോ എന്ന അങ്കലാപ്പിലായി.

ഒരാഴ്ച ആയില്ല വാങ്ങിയിട്ട്, അതും വല്യ വിലകൂടിയ ഒരെണ്ണം. വല്ല പഴയ ചെരുപ്പും ഇട്ടു വന്നാൽ മതിയായിരുന്നു.

ഏതായാലും നമ്പർ ഉണ്ടല്ലോ, വിളിച്ചു നോക്കാം.

"രമേഷേട്ടാ, നിങ്ങൾ ഫോൺ വിളിക്കുകയോ പുതിയൊരെണ്ണം വാങ്ങുകയോ ചെയ്തോളൂ, അതിനു മുമ്പ് എന്നെയും മോനെയും വീട്ടിൽ വിട്ടിട്ടു മതി എല്ലാം.."

ബൈക്കിൽ ജയശ്രീയെയും മോനെയും വീട്ടിലേക്കു വിട്ടു.

ചെരുപ്പില്ലാതെ വണ്ടി ഓടിക്കുന്നതിലുള്ള  ബുദ്ദിമുട്ട് അപ്പോഴാണ് മനസിലായത്.

ഏതായാലും ചെരുപ്പ് എടുത്തവർ ഒരു മാന്യനാ , മൊബൈൽ നമ്പർ എഴുതിവെച്ചിട്ടാണല്ലോ ചെരുപ്പ് എടുത്തത്. വെറും മോഷ്ടാവല്ല, വെറും കള്ളനാ ... !!

പണ്ട് ആരോ പാടിയിട്ടുണ്ട് "വെറും ഒരു മോഷ്ടാവായ എന്നെ നീ കള്ളൻ എന്ന് വിളിച്ചില്ലേ .."

അങ്ങനെ ഓർത്തു വീട്ടിൽ എത്തി.

ചെറു കടലാസ്സിൽ നോക്കി ഫോൺ വിളിച്ചു, അങ്ങേ തലക്കൽ ശബ്ദം കേട്ടു.

ഒരു പ്രായമായ സ്ത്രീ ശബ്ദം.

ഞാൻ മലയാളത്തിൽ പറഞ്ഞു, കാരണം അമ്പലത്തിൽ പൊതുവെ മലയാളികൾ ആണ് വരാറുള്ളത്. " നമ്പർ അമ്പലത്തിൽ ചെരുപ്പ് വെച്ച ഇടത്തുനിന്നും കിട്ടിയതാണ്"

മറുതലക്കൽ നിന്നും ", മനസിലായി. ഇങ്ങോർക്ക് ചെരുപ്പില്ലാതെ നടക്കാനാവില്ല, ആണിരോഗം കാരണം, " അവർ നിർത്താതെ തുടർന്നു . "അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോൾ ഇങ്ങേരുടെ ചെരുപ്പ് പൊട്ടിപ്പോയി, പിന്നെ ഇങ്ങേരുടെ കാൽ വല്യ സൈസ് ആണേ.. പാകമായ ഒന്നും കണ്ടില്ല, നിങ്ങളുടെ ചെരുപ്പാണ് പാകമായതു"

എനിക്ക് ധൃതിയായി "ശരി, ഞാൻ എവിടെ വരണം? എനിക്ക് ഇനി ചെരുപ്പ് വേണ്ട. പുതിയൊരെണ്ണം വാങ്ങണം"

സ്ത്രീ പറഞ്ഞു "ഇങ്ങേർ , ഇവിടില്ല, ഇപ്പോൾ വരും "

"ശരി, ഞാൻ എവിടെ വരണം എന്ന് പറയൂ "

അവർ തുടർന്നു "നിങ്ങൾ വീട്ടിലേക്കു വന്നോളൂ"

എനിക്കതു ആശ്വാസമായി, ആളെ കിട്ടിയല്ലോ. വീടെങ്കിൽ വീട്, പോവുകതന്നെ.

"ശരി അഡ്രസ് പറയൂ"

അവർ അഡ്രസ്പറഞ്ഞു.. അധികം ദൂരമില്ല. അമ്പലത്തിൽ നിന്നും ഏറിയാൽ ഒരു കിലോമീറ്റര്.

ഭാര്യ അടുക്കളയിൽ നിന്നും കേള്കുന്നുണ്ടായിരുന്നു എൻ്റെ സംസാരം.

"ജയേ , നീ വല്ലതും കഴിക്കാൻ എടുത്തുവെക്കൂ , ഞാൻ പോയേച്ചും വരാം"

അവൾ പറഞ്ഞു "പോകുമ്പോൾ ഇവനെയും കൂട്ടിക്കോ"

എനിക്ക് സംശയം ആയി "ഹേ, അവിടേക്കു പോകാൻ ഞാൻ എന്തിനാ മോനെ കൂട്ടുന്നത്?"

ജയ : "നിങ്ങൾക്കു ഒരു കൂട്ടായല്ലോ" അവൾ ചിരിച്ചു.

", ശരി ശരി"

"പിന്നെ, അവിടെന്നും ഒന്നും കസിക്കാനൊന്നും നിക്കണ്ട, പോവുക, കാശു വാങ്ങുക , വരിക, അത്ര മാത്രം"

", ശരി, അപ്പോൾ പുതിയൊരെണ്ണം വാങ്ങാൻ കടയിൽ പോകണ്ടേ"

"ഇന്ന് വേണ്ട, അത് നാളെയും ആകാമല്ലോ, എന്നെ എവിടെ കുറച്ചു സഹായിക്കൂ മനുഷ്യാ"

ഏതായാലും തിരക്ക് കൂട്ടണ്ടല്ലോ.. സാവധാനത്തിൽ ഏതാനും ഇഡലിയും ചായയും കുടിച്ചു. ഒരു ചെറിയൊരു  തുണി കൊണ്ടുള്ള  ബാഗും കൈയിൽ കരുതി, ചെരുപ്പ് വാങ്ങാനല്ല , വരുന്ന വഴിയിൽ എന്തെകിലും പച്ചക്കറിയോ മറ്റോ വാങ്ങാമല്ലോ. പ്ലാസ്റ്റിക് ബാഗുകൾ ഇവിടെ  ഉപയോഗിക്കാൻ പാടില്ലല്ലോ !!

 

 കല്യാൺ നഗറിൽ   കുറച്ചു  നേരം അന്വേഷിക്കേണ്ടി വന്നു അയാളുടെ വീട് കണ്ടെത്താൻ. ഒരു ചെറിയ ഇടുങ്ങിയ വഴിയിലൂടെ കയറി ഇടതും വലതും തിരിഞ്ഞു വേണം വീട് എത്താൻ .

 

ഒടുവിൽ വീട് കണ്ടുപിടിച്ചു. ഒരു പഴയ വാതിലുള്ള വീട്, അത്രതന്നെ പഴക്കമുള്ള കാളിങ് ബെൽ സ്വിച്ച്ചും.

സ്വിച്ച് അമർത്തിയപ്പോൾ വലിയ ശബ്ദത്തിൽ അത് അകത്തു മുഴുങ്ങന്നതു കേട്ടു. ഏതാനും മിനുട്ടുകൾ കഴിഞ്ഞപ്പോളാണ് വാതിൽ തുറന്നതു.

 

ഒരു അമ്പതു-അറുപതു വയസുള്ള ഒരു സ്ത്രീ വാതിൽ തുറന്നു, പരിചയമുള്ളതു പോലെ ചിരിച്ചു.

"വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ?"

അവർ എന്നെ തന്നെ പ്രതീക്ഷിച്ചിരിക്കുകയാണെന്നു തോന്നി. വേറെ ആരും വരാനില്ലാത്തതുകൊണ്ടാവും..

പിന്നെ ഇന്നൊരു അവധി ദിവസം കൂടിയാണല്ലോ.

 

"ഇരിക്കൂട്ടോ , അങ്ങേർ ഇപ്പൊ വരും."

 

അവർ ചൂണ്ടിക്കാട്ടിയ ഒരു പഴയ കസേരയിൽ ഞാനിരുന്നു, മോനെ മടിയിൽ ഇരുത്തി.

അവർ നേരെ വീടിനകത്തേക്ക് പോയി.

 

ഒരു ചെറിയൊരു പൂവുഖം , നിറയെ പഴയ സാധനങ്ങൾ വച്ചിരിക്കുന്നു. അതിൽ കുറെ പത്രങ്ങൾ. മലയാള പത്രങ്ങളാണ് കൂടുതൽ.

 

ഒരു ഭിത്തിയിൽ ചെറിയൊരു ചില്ലലമാര. അതിൻ്റെ കണ്ണാടി വാതിലുകൾ ഇടത്തോട്ടും വലത്തോട്ടും നീക്കാം.

 

മോൻ അപ്പോഴേക്കും മടിയിൽ നിന്നും ഊർന്നു താഴേക്കിറങ്ങി. എന്തെകിലും വലിച്ചു താഴെ ഇടാൻ അവൻ ധൃതി കൂട്ടി.

 അപ്പോഴേക്കും അവർ ഒരു കപ്പ് ചായയും ആയി വന്നു, കുറച്ചു ബിസ്കറ്റും.

 

ബിസ്കറ്റ് കണ്ടപ്പോൾ മോൻ ഒന്നടങ്ങി.

 

"മോന് കുറച്ചു പാൽ എടുക്കട്ടേ?" അവർ ചോദിച്ചു.

ഞാൻ ഉടൻ പറഞ്ഞു "അയ്യോ, വേണ്ട, അവൻ വീട്ടിൽ നിന്നും കുടിച്ചാ ഇറങ്ങിയത് "

 

 

അവർ തുടർന്നു " ഇങ്ങേർക്ക്, ചെരുപ്പില്ലാതെ ഒരടി നടക്കാനാവില്ല, കാല് നിറയെ ആണിയാണ് , ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് , മരുന്ന് കുറയുന്നതല്ലാതെ ആണി കുറയുന്നതേയില്ല , ആണ് എടുത്തു വല്ല ആശാരിക്കും കൊടുക്കാൻ പറ്റുമോ?? " അവർ ചിരിച്ചു.

എനിക്കെതിരെ ഉള്ള ഒരു കസേരയിൽ ഇരുന്ന് അവർ തുടർന്നു  ..

 "അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോളാണ്, അത് പൊട്ടിപോയതു, അവിടെയെങ്ങും കടയൊന്നും  ഇല്ലാലോ. "

 

ഞാൻ അവരെ ശ്രദ്ദിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി അവർ തുടർന്നു .

 

"ഇങ്ങോർ വീട്ടിലിരിക്കാരെ ഇല്ല, ഇപ്പോഴും കറക്കമാ, അങ്ങാടി, കൂട്ടുകാർ, കേരളം സമാജം എന്നൊക്കെ പറഞ്ഞു "

 

അടുക്കളയിൽനിന്നും കുക്കർ കൂകി വിളിച്ചു.. അവർ ഇപ്പോൾ വരാമെന്നു പറഞ്ഞു അകത്തേക്ക് പോയി.

 

മോൻ ഏതോ ഒരു പഴയ പുസ്തകം എടുത്തു തുറന്നു നോക്കികൊണ്ടിരുന്നു.

 

ഞാൻ പതുക്കെ എഴുന്നേറ്റു ഭിത്തിയിലുള്ള അലമാരക്കുളിലേക്കു കണ്ണോടിച്ചു.

 

പൊടിപിടിച്ചു കുടക്കുന്ന കുറെ സമ്മാനങ്ങൾ, അവാർഡ് ഫലകങ്ങൾ . അതിനിടയിൽ ഞാൻ ഒരു ഐഡന്റിറ്റി കാർഡ് കണ്ടു. ഞാൻ ഞെട്ടിത്തരിച്ചുപോയി. എൻ്റെ പേരുള്ള ഒരു കാർഡ്. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തുള്ള ഒരു കാർഡ്. ഫോട്ടോയും ഉണ്ട്. ടാഗ് നിറം മങ്ങിപോയിരിക്കുന്നു. എന്നാലും സ്കൂളിന്റെ പേര് വായിക്കാം.

 

എന്നാലും ഇതെങ്ങനെ ഇവിടെ വന്നു? ഞാൻ കുട്ടിക്കാലത്തേക്ക് ഒരു യാത്ര നടത്താനൊരുങ്ങവേ അവർ വന്നു. ഞാൻ അവരോടു ചോദിച്ചു "നിങ്ങൾ നാട്ടിൽ എവിടെയാണ്"

അവർ സാരിത്തുമ്പ് കൊണ്ട് കൈകൾ തുടച്ചു കൊണ്ട് പറഞ്ഞു "ഞാനും ഇങ്ങേരും കണ്ണൂർക്കാരാണ്‌ , ഒരേ നാട്ടുകാർ"

ഞാൻ അതിശയത്തോടെ പറഞ്ഞു "ഞാനും കണ്ണൂർക്കാനാ, ഭാര്യ പട്ടാമ്പിക്കാരിയും " .

 

ചില്ലലമാര ചൂണ്ടി ഞാൻ ചോദിച്ചു "ഇതിൽ ഇരിക്കുന്ന സ്കൂൾ ബാഡ്ജ് ആരുടെയാണ്"

 

അവർ കുസൃതി ചിരിയോടെ പറഞ്ഞു "അതോ ... അത് ഇങ്ങോർക്ക് നാട്ടിൽ വെച്ച് കിട്ടിയതാണ്, ഒരു കുട്ടി സമ്മാനിച്ചതാണത്രേ "

 

എൻ്റെ ദൈവമേ, ഞാൻ ശരിക്കും ഞെട്ടിയത് അപ്പോഴാണ്. അറിയാതെ ഞാൻ ചൂരൽ കസേരയിൽ ഇരുന്നുപോയി.

 

അവർ എന്തോ വീണ്ടും പറഞ്ഞു, ഞാൻ കേട്ടില്ല. അവർ മോനെയും എടുത്തു പോകുന്നത് കണ്ടു.

 

അതെ, കാർഡ് എന്റേതാണ്‌ , ഞാൻ കൊടുത്തതാണ് ഇത്. എനിക്കോർമ്മവരുന്നു .

 

ഏതാണ്ട് ഇരുപതു വര്ഷം മുമ്പ്. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തു് എനിക്ക് കാൽപ്പന്ത് കളി  വളരെ ഇഷ്ടമായിരുന്നു. പലപ്പോഴും വല്യ ചേട്ടൻമ്മാരുടെ കൂടെ കളിക്കാറുണ്ട് , അവർ എന്നെ ഇപ്പോഴും ഗോളി ആക്കുകയാണ് ചെയ്യുക. കാരണം ഞാൻ അവരെക്കാൾ ചെറുതും പിന്നെ എനിക്ക് ഷൂസ്സും ഇല്ലായിരുന്നു.

 

ഒരു എൽ സി ഏജൻറ് ആയ എൻ്റെ അച്ഛന് ഷൂ വാങ്ങി തരാനുള്ള കഴിവൊന്നും ഉണ്ടായിരുന്നില്ല. അല്ല , ഞാൻ ഷൂ വേണമെന്ന് അച്ഛനോട് പറഞ്ഞിട്ടുമില്ല.

കാലത്ത്ഞാൻ മാത്രമല്ല ഷൂ ഇല്ലാതെയിരുന്നത്, പലരും.

അതുകൊണ്ടു തന്നെ ഷൂ ഒരു അത്യാവശ്യ വസ്തു ആണെന്ന് എനിക്കും തോന്നിയില്ല. എൻ്റെ സമപ്രായക്കാരോടൊത്തു ഫുട്ബാൾ കളിക്കുമ്പോൾ കുഴപ്പമില്ല, ഞാൻ ഫോർവേഡ് കളിക്കാറുണ്ട്. ഞാൻ വലിയൊരു കളിക്കാരനൊന്നും അല്ല. എന്നാലും തരക്കേടില്ല എന്ന് കൂട്ടുകാർ പറയാറുണ്ട്. അന്ന് നമ്മുടെ പി ടി മാഷ് കിഷോർ സാർ ആയിരുന്നു.

ആഹാ , എന്തോരു സ്റ്റൈലായിരുന്നു സാറുടെ ഡ്രസ്സിങ് !!! പാൻറ്സിനു മാച്ച് ആയ ഷൂസും കൂളിംഗ് ഗ്ലാസും ഒക്കെ ആയിട്ടു.

 

അങ്ങനെ നമ്മുടെ സ്ക്കൂളിൽ സ്പോര്ട്സ് ഡേ വന്നു..  അപ്പോൾ ഗ്രൂപ്പ് ആയിട്ടായിരുന്നു മത്സരം.

 

യെല്ലോ, റെഡ്, ഗ്രീൻ, ഓറഞ്ച്, ബ്ലൂ അങ്ങനെ അഞ്ചു ഗ്രൂപ്പ്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ റെഡ് ഗ്രൂപ്പിൽ ആയിരുന്നു എന്നാണ് എനിക്കോർമ്മ.   ഓട്ടത്തിനും ചാട്ടത്തിനും ഞാനും ഉണ്ടായിരുന്നു.

അതോടപ്പം ഫുട്ബോൾ മാച്ചും വെച്ചു . അതിനും ഞാൻ പേര് കൊടുത്തു. അപ്പോൾ കിഷോർ സാർ പറഞ്ഞു ഫുട്ബാൾ കളിക്കണമെങ്കിൽ ഷൂ വേണം. ഒരു ഗ്രൂപ്പിന് ഒരു ഫുട്ബോൾ ടീം മാത്രം. കുട്ടുകളുടെ ക്ലാസ് നോക്കിയല്ല ടീം ഉണ്ടാക്കിയത്.

എന്നും കൈകുന്നേരം പരിശീലനകളി ഉണ്ടായിരുന്നു. ഷൂ ഇല്ലാതെ പരിശീലനം നടന്നു. ഒരു ദിവസം പരിശീലനത്തിനിടെ കല്ലിനിടിച്ചു പരിക്കുപറ്റി. അന്ന് സാര് പറഞ്ഞു ഷൂ ഇല്ലാതെ വരണ്ട എന്ന്.

എനിക്ക് വല്ലാത്ത സങ്കടമായി. കാണികൾക്കു ഇരിക്കാനുള്ള ഇടത്തിരുന്നു ഞാൻ കുറെ നേരം കരഞ്ഞു.

കൂട്ടുകാരും കൂടെ ഫുട്ബാൾ കളിക്കുന്നവരും എല്ലാവരും പോയിട്ടും ഞാൻ പോയില്ല. അവിടെത്തന്നെ ഇരുന്നു.

കുറെ കഴിഞ്ഞു പ്യൂൺ വന്നു വിളിച്ചു ഗേറ്റിനു പുറത്താക്കി ഗേറ്റ് പൂട്ടി അയാൾ പോയി.

വീട്ടിലെത്തി കാലും മുഖവും കഴുകി വിളക്കിനു മുന്നിലിരുന്നു രാമനാമം ജപിച്ചു പഠിക്കാനിരുന്നപ്പോൾ അച്ഛൻ വന്നു.

അച്ഛനിൽ വന്നപാടെ മേശവിളക്കിനു മുന്നിലിരുന്നു കുത്തിക്കുറിക്കാൻ തുടങ്ങി. അമ്മയോട് കാര്യം അവതരിപ്പിച്ചു. 'അമ്മ അപ്പോൾ തന്നെ നിരുത്സാഹപ്പെടുത്തി.

നിർബന്ധിച്ചപ്പോൾ 'അമ്മ അച്ഛനോട് പറഞ്ഞു.

അച്ഛൻ പെട്ടന്ന് തന്നെ  ഉത്തരം പറഞ്ഞു "ഷൂ ഇട്ടിട്ടു ഫുട്ബാൾ കളിക്കേണ്ട , വല്ലതും പഠിക്കാൻ നോക്ക്"

സങ്കടം സഹിക്കാതെ ഞാൻ രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങാൻ കിടന്നു.

ഉറക്കം വന്നതേയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. രാത്രി ആയപ്പോൾ വിശപ്പും കൂടി, മെല്ലെ എഴുന്നേറ്റു അടുക്കളയിൽ ചെന്നപ്പോൾ മേശപുറത്തിറക്കുന്നു, കുറെ ദോശയും സാമ്പാറും. അമ്മ എടുത്തുവെച്ചതാ.

അധികം ശബ്ദമുണ്ടാക്കാതെ എല്ലാം കഴിച്ചു. അപ്പോൾ നാൻ കേട്ടു അമ്മ ചിരിക്കുന്നത്.

വല്യ ദേഷ്യക്കാരനെപോലെ ഞാൻ വീണ്ടും ഉറങ്ങാൻ പോയി.

 

 

പിറ്റേന്ന് വീണ്ടും സ്കൂളിൽപ്പോയി . ക്ലാസ് തുടങ്ങി കുറേനേരം കഴിഞ്ഞപ്പോൾ ഹെഡ്മാസ്റ്റർ ഓഫീസിലേക്ക് വിളിപ്പിച്ചു. ഞാൻ കുറച്ചു സംശയത്തോടെയും കുറച്ചു പേടിയോടെയും ഓഫീസിലേക്ക് ചെന്നു .

 

"വരൂ രമേഷ് " ഹെഡ് മാസ്റ്റർ വിളിച്ചു.

ഞാൻ അടുത്തേക്ക് ചെന്നു , ഭവ്യതയോടെ നിന്നു , അടി കിട്ടുന്നുണ്ടെങ്കിൽ കുറച്ചു ശക്തി കുറയട്ടെ എന്ന് കരുതി.

 

 

ഹെഡ് മാസ്റ്റർ ഒരു പൊതി കേട്ട് കൈയിൽ തന്നു പറഞ്ഞു  "ഇത് നിനക്കാ , ഒരാൾ നിനക്ക് തരാൻ  പറഞ്ഞു"

 

ഒരു പെട്ടി. കടലാസ് പെട്ടി. അതിശയത്തോടെ ഞാൻ ചോദിച്ചു "ആരാ സർ തന്നത്?"

"അച്ഛൻറെ ഒരു ഫ്രണ്ട് തന്നതാ , രാംദാസ് അങ്കിൾ"

ഹെഡ് മാസ്റ്റർ അത്രയും പറഞ്ഞു എന്നോട് പോയിക്കൊള്ളാൻ ആംഗ്യം കാട്ടി.

 

ഹെഡ് മാസ്റ്ററുടെ റൂമിനു പുറത്തുവന്നു ഞാൻ പെട്ടി തുറന്നുനോക്കി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. പുതിയ ഒരുജോഡി ഷൂ. അതും സ്പോർട്സ് ഷൂ.

 

പിന്നീട് അതിട്ടാണ് സ്പോർട്സ് മീറ്റിൽ പങ്കെടുത്തത് . ഫുട്ബോൾ കളിച്ചതും , നമ്മുടെ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടിയതും ഒക്കെ ഞാൻ ഓർത്തെടുത്തു.

 

 അതിനിടയ്ക്കാണ് എൻ്റെ ഐഡന്റിറ്റി കാർഡ് കളഞ്ഞുപോയതു. എവിടെ പോയത്എന്നറിയാതെ ഞാൻ ഓഫീസിൽ പരാതി പറഞ്ഞു. അവർ എനിക്ക് വേറെ കാർഡ് ഉണ്ടിക്കിത്തരികയും ചെയ്തിരുന്നു. ഞാൻ തരക്കേടില്ലാതെ പഠിക്കുന്നത് കൊണ്ടാകാം കാർഡ് വളരെ എളുപ്പത്തിൽ കിട്ടിയത്.

 

 

പിന്നീട് തുടർച്ചയായി നാലു  വര്ഷം , പത്താംക്ലാസ്സുവരെ എനിക്കു ഷൂ കിട്ടികൊണ്ടിരുന്നു .

സ്കൂൾ തുറന്നു ആദ്യ ആഴ്ച ഹെഡ് മാസ്റ്റർ വിളിപ്പിക്കും ഷൂ തരും.

ഞാൻ രാംദാസ് അങ്കിളിനെ കണ്ടിട്ടേയില്ല, എന്നാൽ അങ്കിൾ എന്നെ കാണാനും വന്നില്ല.

അങ്ങനെ പത്താം  ക്ലാസും കഴിഞ്ഞു, പ്രീ-ഡിഗ്രിക്ക്‌ , പിന്നെ ഡിഗ്രിക്ക് കുറച്ചു ദൂരെയുള്ള കോളേജിൽ പഠിച്ചു . അപ്പോഴൊന്നും ഞാൻ രാംദാസ് അങ്കിളിനെ ഞാൻ ഓർത്തില്ല. അല്ല പിന്നീട് ഞാൻ അങ്കിളിനെ ഓർത്തതേയില്ല

 

ഇപ്പോൾ മനുഷ്യനെ കാണാൻ ഞാൻ നിക്കുന്നു. അതും ഒരു ചെരുപ്പിന്റെ കണക്കു പറയാൻ.

ഇപ്പോൾ മനുഷ്യനെ കാണാൻ ഞാൻ അയാളുടെ വീട്ടിൽ നിൽക്കുന്നു,  അതും ഒരു ചെരുപ്പിന്റെ കണക്കു പറയാൻ.

 

ഞാൻ ഭൂമിയുടെ അടിയിലോട്ടു വഴുതി വീഴുന്നതുപോലെ തോന്നി. ചെവികൾ കൊട്ടിയടയുന്നു. ഞാൻ ഒരു കുഞ്ഞു കടുക് മണിയോളം ആയതുപോലെ തോന്നി. വീടിന്റെ ഉത്തരം എന്നിൽനിന്നും മുകളിലേക്ക് മുകളിലേക്ക് ഉയർന്നു ഉയർന്നു പൊങ്ങുന്നതുപോലെ...  ഞാൻ വലിയ ഒരു കാറ്റിൽ അകപെട്ടതുപോലെ ആടിയാടി ചൂരൽ കസേരയിൽ വീണു.

എനിക്ക് നഷ്ടപെട്ട ചെരുപ്പ് ഒരു പുൽനാമ്പിനെക്കാൾ ചെറുതായി.. ആർക്കും ഇടാൻ പറ്റാത്ത അത്രയും ചെറുതായിപോയതുപോലെ.

 

അപ്പോഴേക്കും അവർ മോനെയും കൊണ്ട്  വീട്ടിലേക്കു കയറിവന്നു. ഞാൻ പെട്ടന്ന് അവനെയും എടുത്തു പുറത്തിറങ്ങാൻ ഒരുങ്ങി.  അവർ ചോദിച്ചു "അങ്ങോർ വരാൻ നിൽക്കുന്നില്ലേ? ചെരുപ്പിൻറെ പൈസ വാങ്ങിട്ടു പോയിക്കൊള്ളു"

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു "എല്ലാം കിട്ടി...  അഡ്വാൻസിയായി തന്നിരുന്നു"

 

------------------------    ---------------------------------      -------------------------------------

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Comments